മുതവഴി താഴികക്കുടം കവര്‍ച്ച :ഊരാണ്മക്കാരനും വാച്ചറുമടക്കം അഞ്ചുപേര്‍ അറസ്‌റ്റില്‍

October 25, 2011 at 5:36 am | Posted in BULLY | Leave a comment

ചെങ്ങന്നൂര്‍: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ താഴികക്കുടത്തിന്റെ മകുടം കവര്‍ന്നതുമായി ബന്ധപ്പെട്ട്‌ അഞ്ചുപേര്‍ അറസ്‌റ്റില്‍.

പാണ്ടനാട്‌ മുതവഴി ചിത്രത്തൂര്‍ മഠത്തിലെ ശരത്‌കുമാര്‍ ഭട്ടതിരി (39), മുതവഴി കേളയില്‍ രഞ്‌ജിത്ത്‌ (28), തൃശൂര്‍ മാള നെയ്‌തികുടി മുകുന്ദപുരം വാവ വില്ലേജില്‍ ചാറക്കാട്ട്‌ ജോഷി (48), കൊയിലാണ്ടി തിക്കോടി വെള്ളാങ്കണ്ടി രാമചന്ദ്രന്‍ (രാമന്‍-41), കൊടുങ്ങല്ലൂര്‍ മേത്തല വില്ലേജില്‍ കടുക്കച്ചുവട്‌ ചാറക്കാട്ട്‌ അനീഷ്‌ (34) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മോഷണത്തിനു ഗൂഢാലോചന നടത്തിയതിനാണ്‌ അറസ്‌റ്റ്. മോഷ്‌ടാക്കള്‍ ഇപ്പോഴും ഒളിവിലാണ്‌.

മുതവഴി ക്ഷേത്രത്തിന്റെ ഊരാണ്മ അവകാശമുള്ള ചിത്രത്തൂര്‍ മഠത്തിലെ അംഗമാണു ശരത്‌കുമാര്‍ ഭട്ടതിരി. ക്ഷേത്രത്തിലെ വാച്ചറാണു രഞ്‌ജിത്ത്‌. ചാറക്കാട്ട്‌ ദേവസ്‌ഥാനം വിഷ്‌ണുമായ ക്ഷേത്രത്തിന്റെ ഉടമയും വെളിച്ചപ്പാടുമാണു ജോഷി. ജോഷിയുടെ സഹായിയാണു രാമന്‍. ഒരുവര്‍ഷമായി ജോഷിക്കൊപ്പമാണു താമസം. ജോഷിയുടെ ബന്ധു അനീഷാണു ക്ഷേത്രത്തിലെ രസീതുകള്‍ എഴുതുന്നത്‌. ഇവര്‍ മറ്റു ചിലരുമായി ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായാണു മകുടം അപഹരിച്ചത്‌.

മുതവഴി ക്ഷേത്രത്തിലെ താഴികക്കുടത്തില്‍ അമൂല്യലോഹമായ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടെന്നു 2008-ല്‍ ഖ്യാതി പരന്നതോടെ അവകാശികള്‍ പലരായി. യഥാര്‍ഥ അവകാശികളായ ചിത്രത്തൂര്‍ മഠക്കാരെ കൂടാതെ കൊട്ടാരക്കര പുത്തൂരുള്ള ഊരുമഠക്കാരും രംഗത്തെത്തി.

ക്ഷേത്രത്തിന്‌ അവകാശികള്‍ കൂടിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. താഴികക്കുടത്തില്‍ ഇറിഡിയമുണ്ടോയെന്നു പരിശോധിക്കാന്‍ ചിത്രത്തൂര്‍മഠം ഒരുലക്ഷം രൂപ കെട്ടിവച്ചപ്പോള്‍ അതിനു സ്‌റ്റേ നല്‍കിയത്‌ ഊരുമഠക്കാരാണ്‌. ഊരുമഠക്കാര്‍ പവര്‍ ഓഫ്‌ അറ്റോര്‍ണി നല്‍കിയത്‌ കൊടുങ്ങല്ലൂര്‍ മേത്തല തറയില്‍വീട്ടില്‍ പി.ആര്‍. സുരേഷിനാണ്‌. പിന്നീട്‌ സുരേഷിന്റെ സാന്നിധ്യത്തില്‍ ഇരുമഠക്കാരും ഒന്നിച്ചു. താഴികക്കുടം മോഷ്‌ടിച്ച്‌ ഇറിഡിയം കൈക്കലാക്കാനായിരുന്നു ഇത്‌. ഇതിനായി സുരേഷും ശരത്‌കുമാര്‍ ഭട്ടതിരിയും ജോഷിയും നിരവധി കൂടിക്കാഴ്‌ച നടത്തി.

ഏറ്റവും ഒടുവില്‍ ഒക്‌ടോബര്‍ 19-ന്‌ ഉച്ചയ്‌ക്ക് കുളനടയിലെ ഒരു ലോഡ്‌ജില്‍ ഇവര്‍ സന്ധിച്ചു. താഴികക്കുടത്തിന്‌ ഒരു ഇഞ്ച്‌ ‘പവര്‍’ ഉണ്ടെങ്കില്‍ 500 കോടി രൂപ വില വരുമെന്നാണ്‌ ഇവരുടെ കണക്കുകൂട്ടല്‍.

എട്ടിഞ്ചു പവര്‍ ഉണ്ടെന്നായിരുന്നു ഇവരുടെ ധാരണ. അങ്ങനെയെങ്കില്‍ 4,000 കോടി രൂപ വിലമതിക്കും. ശരത്‌ ഭട്ടതിരി ഒരുകോടി രൂപ അഡ്വാന്‍സ്‌ ചോദിച്ചു. വില പേശി 50 ലക്ഷവും പിന്നെ 20 ലക്ഷവുമായി താണു. താഴികക്കുടം ഇളക്കി പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ പവര്‍ എടുത്ത്‌ അവിടെത്തന്നെ തിരികെവയ്‌ക്കുകയായിരുന്നു ലക്ഷ്യം.

17-നു രാത്രി ക്ഷേത്രം വാച്ചര്‍ രഞ്‌ജിത്ത്‌ പി.വി.സി. പൈപ്പില്‍ മുള കെട്ടി അറ്റത്തു പച്ചരി കിഴികെട്ടി താഴികക്കുടത്തിനടുത്തു കൊണ്ടുപോയി ആകര്‍ഷണശക്‌തി പരീക്ഷിച്ചിരുന്നു. എന്നാല്‍, ഇത്‌ ഉദ്ദേശിച്ച ഫലം കണ്ടില്ല. 29-നു രാത്രി 20 ലക്ഷം രൂപ അഡ്വാന്‍സുമായി ചെല്ലുമെന്നു പറഞ്ഞ കോഴിക്കോടുകാരന്‍ എത്തിയില്ല. 19-നു രാത്രി കവര്‍ന്ന താഴികക്കുടത്തിന്റെ മകുടം 22-നു വെളുപ്പിന്‌ ചിത്രത്തൂര്‍ മഠത്തിലെ ശക്‌തികുമാര ഭട്ടതിരിയുടെ പൂട്ടിയിട്ട ഗേറ്റിനകത്തു കുത്തിനിര്‍ത്തുകയായിരുന്നു.

മകുടം കോടതിയില്‍ ഹാജരാക്കി. കോടതിയുടെ അനുമതിയോടെ വിദഗ്‌ധപരിശോധന നടത്തും. അറസ്‌റ്റിലായ ജോഷി വെള്ളിമൂങ്ങ, നാഗമാണിക്യം, വൈരക്കല്ല്‌ തട്ടിപ്പുകേസുകളില്‍ മുമ്പ്‌ ഉള്‍പ്പെട്ടിട്ടുണ്ട്‌.

പ്രതികള്‍ക്കെതിരേ ക്ഷേത്രക്കവര്‍ച്ച, ഗൂഢാലോചന, സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്‌. ഡിവൈ.എസ്‌.പി: എന്‍. നരേന്ദ്രബാബു, നര്‍ക്കോട്ടിക്‌ സെല്‍ ഡിവൈ.എസ്‌.പി: ഡി. മോഹന്‍, സി.ഐ: ആര്‍. ജോസ്‌, എസ്‌.ഐ: എന്‍.ജി. ശ്രീമോന്‍, എ.എസ്‌.ഐ. ചന്ദ്രബാബു, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ പ്രസന്നന്‍നായര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അമിര്‍ഖാന്‍, രഞ്‌ജിത്ത്‌, അജിത്‌ എന്നിവരാണ്‌ അന്വേഷണസംഘത്തിലുള്ളത്‌.

http://mangalam.com/index.php?page=detail&nid=495528&lang=malayalam

Advertisements

Leave a Comment »

RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a free website or blog at WordPress.com.
Entries and comments feeds.

%d bloggers like this: