ദേവകി വാര്യര്‍

October 4, 2011 at 7:12 pm | Posted in BULLY | Leave a comment

പേര്‍ത്തും പേര്‍ത്തും വിവിധങ്ങളായ അളവുകോലുകളില്‍ കേരളത്തിന്റെ അഗ്രഗണനീയത വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന മലയാളികള്‍ക്ക് അത്തരമൊരു പ്രാഥമികതയിലേക്ക് കേരളത്തെ നയിച്ച മഹാ•ാരായ നേതാക്കളുടെ ചരിത്രമുള്‍ക്കൊള്ളാനുള്ള ബാധ്യത കൂടിയുണ്ടെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ചോരയും നീരും വറ്റിച്ചും ജീവിതം തന്നെ ഉദാഹരിച്ചും നമ്മെ നയിച്ച നേതാക്കളോട് തോള്‍ ചേര്‍ന്ന് നിന്ന അത്തരം പ്രഥമഗണനീയരായ വനിതാസാരഥികളില്‍ പ്രമുഖയാണ് ദേവകി വാര്യര്‍.

വലിയ രീതിയില്‍ സവര്‍ണ്ണമുദ്രകള്‍ കൊടികുത്തിവാണ കാലത്ത് 1920ലാണ് പള്ളത്ത് രാമന്‍ നമ്പൂതിരിയുടെയും ആര്യാപള്ളത്തിന്റെയും മൂത്ത മകളായി ദേവകി ജനിച്ചത്. എല്ലാ അര്‍ത്ഥത്തിലും പുരോഗമന ആശയങ്ങളിലും പ്രവൃത്തികളിലും ഊന്നി നിന്നിരുന്ന പള്ളത്ത് കുടുംബത്തിന്റെ ചിന്താധാരകള്‍ കുഞ്ഞുദേവകിയിലും വിളവെടുത്തതില്‍ അത്ഭുതമേതുമില്ല. അമ്മ ആര്യാപള്ളം തന്റെ സമരവീര്യവും പുരോഗമന ചിന്താരീതിയും സ്വന്തം കുടുംബത്തിലും പകര്‍ത്താന്‍ ബദ്ധശ്രദ്ധയായിരുന്നു. ഇതിന്റെ ബഹിസ്ഫുരണമെന്നോണം 12-ാം വയസ്സില്‍ ദേവകിയെ വാര്‍ദ്ധയിലെ ഗാന്ധി ആശ്രമത്തില്‍ വിദ്യാര്‍ത്ഥിനിയായി ചേര്‍ത്തു. മഹാത്മാഗാന്ധിയുടെ അരുമശിഷ്യയായി വളര്‍ന്ന ദേവകി അവിടെ സേവാദള്‍ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുകയുണ്ടായി. ലളിത ജീവിതം എന്ന ആശയം ഇക്കാലത്തായിരിക്കണം ദേവകിയിലും മുളപൊട്ടിയത്. 1938ല്‍ മെട്രിക്കുലേഷന്‍ പാസ്സായശേഷം ദേവകി നാട്ടിലേക്ക് മടങ്ങി. വാര്‍ദ്ധയില്‍ തന്നെ വിദ്യാഭ്യാസം തുടര്‍ന്നാല്‍ മകളെ തങ്ങള്‍ക്ക് തിരികെ കിട്ടില്ലെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയിരിക്കണം.

അനന്തരം മദ്രാസില്‍ ഇന്റഗ്രേറ്റഡ് മെഡിസിന് ചേര്‍ന്നു. അവിടെ സ്റുഡന്റ്സ് ഫെഡറേഷന്റെ സജീവസാന്നിദ്ധ്യമായിരുന്നു സംഘടനയിലെ ഏക പെണ്‍തരിയായ ദേവകി. തന്റെ 23-ാം വയസ്സില്‍ അവര്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. 1946ല്‍ ഡോ. പി.കെ.ആര്‍. വാര്യരുടെ ജീവിതസഖിയായി. പിന്നീട് ജീവിതാന്ത്യം വരെ നിശ്ചയിച്ചുറപ്പിച്ച പാതയിലൂടെ സുധീരം മുന്നോട്ടുപോകുന്ന സഖാവിനെയാണ് ദേവകി വാര്യരില്‍ കാണാന്‍ കഴിഞ്ഞത്. വിവാഹസമയത്തും തുടര്‍ന്നും മുന്തിയ വിലയുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ അവര്‍ ഉപയോഗിച്ചിരുന്നില്ല. ചര്‍ക്കയില്‍ നൂറ്റ രണ്ടു നൂലുകള്‍ പരസ്പരം ചാര്‍ത്തിയായിരുന്നു ഡോക്ടറുടെയും ദേവകിയുടെയും വിവാഹം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു ഡോക്ടര്‍ വാര്യര്‍ സേവനമനുഷ്ഠിച്ചിരുന്നത്. അതിനാല്‍ ദീര്‍ഘകാലം ഇരുവരുടെയും പ്രവര്‍ത്തനകേന്ദ്രം തലസ്ഥാന നഗരി തന്നെയായിരുന്നു. പുകള്‍പെറ്റ ഒരു ഭിഷഗ്വരന്റെ സഹധര്‍മ്മിണി എന്നതിലുപരി നന്നേ ചെറുപ്പത്തില്‍ തന്നെ പുരോഗമന പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടയായി അടിയുറച്ച് പ്രവര്‍ത്തിച്ച പ്രമുഖ വനിതാ സാരഥി എന്ന നിലയിലാണ് ദേവകിവാര്യര്‍ അറിയപ്പെട്ടത്. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരുടെ വിശിഷ്യാ സ്ത്രീകളുടെ ഉന്നമനമായിരുന്നു അവരുടെ ജീവിതലക്ഷ്യം.

1960 മുതല്‍ രണ്ടുവര്‍ഷം സകുടുംബം ലണ്ടനിലായിരുന്നിട്ടും തിരികെ നാട്ടിലെത്തിയതു മുതല്‍ ഇടവേളയില്ലാതെ അവര്‍ സാമൂഹ്യസേവനത്തില്‍ വ്യാപൃതയായി.

ഒരേ സമയം ജാതിമതമേധാവിത്വത്തിനും മുതലാളിത്ത ശക്തികള്‍ക്കും കീഴ്പെട്ടുകൊണ്ട് ഭൂരിപക്ഷത്തിനും ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗത്തിനെതിരായ പോരാട്ടം സ്ത്രീവിമോചനത്തിന്റെ അവിഭാജ്യ പ്രവര്‍ത്തനമാണ് എന്ന ബോധത്തില്‍ നിന്നാണ് അമ്പതുകളിലും അറുപതുകളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ മഹിളാ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. 68ല്‍ രൂപമെടുത്ത കേരള മഹിളാ ഫെഡറേഷന്‍ സ്ത്രീകളുടെ അവകാശ മുദ്രാവാക്യങ്ങളും ഭരണവിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തി. സുശീലാഗോപാലന്‍, കെ.ആര്‍. ഗൌരിയമ്മ, ദേവൂട്ടി തുടങ്ങിയ മുന്‍നിര നേതാക്കള്‍ക്കൊപ്പം ദേവകി വാര്യരും ഫെഡറേഷന്റെ ജീവനാഡിയായിത്തീര്‍ന്നു. ഫെഡറേഷന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും തുടര്‍ന്ന് അഞ്ചുവര്‍ഷം സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സജീവമായ സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം കുടുംബസംബന്ധമായ ഉത്തരവാദിത്തങ്ങളും ഒരുമിച്ചുകൊണ്ടുപോകുന്നതിന് ദേവകിവാര്യര്‍ അനിതരസാധാരണമായ മിടുക്കുകാട്ടി.

കേരളത്തിന്റെ ദിശാബോധം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഇ.എം.എസിന്റെ അനുഗ്രഹാശിസ്സുകളോടെ 1967ല്‍ തുടങ്ങിയ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഇടത്തരം ജീവനക്കാരുടെയും ഇടതുപക്ഷ പണ്ഡിതരുടെയും ആകര്‍ഷണകേന്ദ്രമായിരുന്നു. ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിന് സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പ്രത്യേക മികവുകാട്ടി. ഡോക്ടര്‍ കുടുംബമൊന്നാകെ സ്കൂളിന്റെ പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള ചാലകശക്തിയായി പ്രവര്‍ത്തിച്ചു.

1972ല്‍ വര്‍ക്കിങ്ങ് വിമന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതിലൂടെ ജീവനക്കാരുടെ ഇടയില്‍ സാമൂഹ്യ പ്രതിബദ്ധതയും പ്രവര്‍ത്തന താല്പര്യവുമുള്ള ധാരാളം വനിതകളെ സംഘടനാരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് കഴിഞ്ഞു.

ഇതിനിടെ തെരഞ്ഞെടുപ്പു വേദികളിലും ദേവകി വാര്യര്‍ സാന്നിദ്ധ്യമറിയിക്കുകയുണ്ടായി. 1973ല്‍ പൌരമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിച്ച അവര്‍ മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ നിന്നും വിജയിച്ച് കോര്‍പ്പറേഷനിലെ പ്രഥമ വനിതാ കൌണ്‍സിലറായി.

മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍ വിരമിച്ചശേഷമാണ് വാര്യര്‍ കുടുംബം വാടകവീടുകളിലെ താമസത്തിന് അറുതിവരുത്തി സ്വന്തമായി വീടുവെച്ചത്. മണിപ്പാല്‍ മെഡിക്കല്‍ കോളേജില്‍ സര്‍ജ്ജറി വിഭാഗം തലവനായി ചുമതലയേറ്റപ്പോള്‍ വാര്യര്‍ കുടുംബത്തിന്റെ പ്രവര്‍ത്തനം കര്‍ണ്ണാടകയിലേക്കും വ്യാപിച്ചു. കര്‍ണ്ണാടക മഹിളാ ഫെഡറേഷന്റെ ആദ്യ പ്രഡിഡന്റുകൂടിയായിരുന്നു മലയാളിയായ ദേവകി വാര്യര്‍.

അടിയന്തിരാവസ്ഥയുടെ കരാളഘട്ടത്തില്‍ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം വലിയ ബുദ്ധിമുട്ടായിട്ടുകൂടി സ്വന്തം ഇച്ഛാശക്തിയിലൂന്നി മുന്നോട്ടുപോകാന്‍ അവര്‍ക്കു കഴിഞ്ഞു. തുടര്‍ന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

ഇടക്കാലത്ത് ഡോക്ടറുടെ സേവനം എ.കെ.ജി. ആശുപത്രിയിലായിരുന്നപ്പോള്‍ ഇരുവരുടെയും തട്ടകം കണ്ണൂരായിരുന്നു. തലസ്ഥാനത്തേക്ക് മടങ്ങിയപ്പോള്‍ വീണ്ടും അവര്‍ വര്‍ക്കിങ്ങ് വിമന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അസുഖം വന്ന് കിടപ്പിലാവും വരെ കര്‍മ്മനിരതമായിരുന്നു സഖാവ് ദേവകി വാര്യരുടെ ജീവിതം. ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് 2001ലെ ക്രിസ്മസ് ദിനത്തില്‍ സ: ദേവകി വാര്യര്‍ അന്തരിച്ചു.

രണ്ടു മക്കളാണ് വാര്യര്‍ ദമ്പതികള്‍ക്ക്. അനസൂയയും ബാബുവും. പുകള്‍പെറ്റ സിനിമാ സംവിധായകന്‍ ഷാജി എന്‍. കരുണും സഹോദരി ഷീലയുമാണ് മരുമക്കളായി ഈ കുടുംബത്തിലെത്തിയത്. ശ്രേഷ്ഠരായ മാതാപിതാക്കളുടെ വിവാഹം പോലെ തന്നെ ആര്‍ഭാടരഹിതമായിരുന്നു മക്കളുടെയും വിവാഹം.

ഒരു ജീവചരിത്രമോ ആത്മകഥയോ പോലെയല്ല തൃശൂര്‍ ‘സമത’ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ നിര്‍മ്മിതി. സഖാവിനെ അടുത്തറിഞ്ഞ പല പ്രമുഖരും എഴുതിയ 29 ലേഖനങ്ങളുടെ സമാഹാരമാണീ കൃതി. ഡോ. കെ.എന്‍. പണിക്കര്‍, സി.പി. നാരായണന്‍, ഡോ. ടി.എന്‍. സീമ തുടങ്ങി 23 പേരും മക്കളും മരുമക്കളും പിന്നെ ഡോ. പി.കെ.ആര്‍. വാര്യരും എഴുതിയ സ്മരണകളിലൂടെയാണ് ദേവകി വാര്യരുടെ ‘ഇടറാത്ത ഇച്ഛാശക്തി’ വെളിപ്പെടുന്നത്. സ: ദേവകി വാര്യര്‍ സ്മാരകത്തിനുവേണ്ടി പ്രസിദ്ധീകരിച്ച ഈ രാഷ്ട്രീയ ചരിത്രഗ്രന്ഥത്തിന്റെ അവതാരിക എഴുതിയത് പി. ഗോവിന്ദപ്പിള്ളയാണ്.

സന്ധ്യയ്ക്ക് സിന്ധൂരം പോലെ ദേവകി വാര്യര്‍ എഴുതിയ രണ്ടു ലേഖനങ്ങള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

കേരളത്തിലെ സ്ത്രീപക്ഷ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിന്ദുവായി 1987 മുതല്‍ തൃശ്ശൂരില്‍ പ്രവര്‍ത്തിക്കുന്ന ‘സമത’ ലിംഗനീതിക്കുവേണ്ടി നടത്തുന്ന പോരാട്ടത്തില്‍ സ്ത്രീപക്ഷ ശാക്തീകരണത്തിന് എന്തുകൊണ്ടും മുതല്‍ക്കൂട്ടു തന്നെയാണ് ‘ഇടറാത്ത ഇച്ഛാശക്തി’.

http://workersforum.blogspot.com/2011/10/blog-post_04.html

Advertisements

Leave a Comment »

RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Blog at WordPress.com.
Entries and comments feeds.

%d bloggers like this: